Contributed by: R V Ummer
കഥ പറയുന്ന ചാരുത. അത് വെല്ലിമ്മാക്ക് പ്രകൃത്യാ കിട്ടിയ സിദ്ധിയാണ്. കേട്ടിരുന്നു പോകും. കാര്യം പറച്ചിലിലുമുണ്ട് ആ വൈഭവം. വെല്ലിമ്മ പഴയ നാലാം ക്ലാസ്സുകാരിയല്ലേ. അന്നൊക്കെ പള്ളിക്കൂടത്തിലെ അധ്യാപിക ആവാനുള്ള യോഗ്യത! മലയാളം വായിക്കാന്‍ പോലുമറിയാവുന്ന പെണ്ണുങ്ങള് - പ്രത്യേകിച്ചും മാപ്പിളമാര്‍ക്കിടയില്‍ - തീര്‍ത്തും വിരളമായിരുന്ന കാലം.
പറക്കാട്ടെ
വിശേഷങ്ങള്‍ ആവുമ്പോള്‍ ആള് തീര്‍ത്തും വേറെ ഒരു ലോകത്താവും. മുറ്റം നിറയെ
നെല്ലും വിളകളും കൂട്ടിയിട്ട, പണിക്കാരും കൂലിക്കാരും തലങ്ങും വിലങ്ങും
ഓടി നടക്കുന്ന പഴയ പറക്കാട്ട് തറവാട്ടിന്റെ മുറ്റത്ത് നില്ക്കുന്ന കൊച്ചു കാച്ചി
തുണിക്കാരിയെ പോലെ. യാത്രക്ക് കുതിര വണ്ടിയും പല്ലക്കുകളും സ്വന്തമായി
ഉണ്ടായിരുന്ന പണക്കാരുടെ വീട്.
വാര്‍ധക്യത്തിന്റെ
നാളുകളില്‍ പോലും കാണാന്‍ നല്ല ഐശ്വര്യമായിരുന്നു വെല്ലിമ്മയെ. വെള്ള മുണ്ടും
വെള്ള പെണ്‍കുപ്പായവും വെള്ള തട്ടവുമായി ആ
രൂപം. വെല്ലിമ്മയുടെ സൌന്ദര്യം കണ്ടു മോഹിച്ച് കെട്ടിയതാണ് വെല്ലിപ്പ എന്നാണ്
കേട്ടറിവ്. വെല്ലിപ്പയുടെ രണ്ടാം കെട്ട്.
ചരിത്രം ഉറങ്ങുന്ന
ബ്രഹ്മക്കുളം. പ്രശസ്തമായ മനകളുള്ള ഇടം. നീണ്ടു നിവര്‍ന്നു ആലസ്യമാര്ന്ന്
കിടക്കുന്ന മനപറമ്പുകള്‍. കാവുകള്‍, കുളങ്ങള്‍, തോടുകള്‍, നെല്പാടങ്ങള്. പ്രതാപകാലത്തിന്റെ
ബാക്കിപത്രമായി ചുമടു താങ്ങികളും തണ്ണീര്‍ പന്തലുകളും എന്റെ ചെറുപ്പത്തിലും
ഉണ്ടായിരുന്നു അവിടെ.
ഈ സമൃദ്ധിയുടെ
നിറവിൽ നിന്നായിരുന്നു നാലകത്ത് പറക്കാട്ടയിൽ ഹലീമ എന്ന ഞങ്ങളുടെ വെല്ലിമ്മ, മണവാട്ടിയായി
പാടൂ൪ എത്തുന്നത്. കേട്ടറിവ് വെച്ച് പറക്കാട്ടെ നിലയും പാടൂരിലെ നിലവാരവും തമ്മില്‍
കാര്യമായ അന്തരം ഉണ്ടാകാതെ തരമില്ല. അതെന്തായാലും സാമാന്യം നല്ല നിലയില്‍ തന്നെ
വെല്ലിപ്പ വെല്ലിമ്മയെ പൊറുപ്പിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്.
കൂട്ടത്തില്‍
പറയട്ടെ, വെല്ലിമ്മാടെ മറ്റു രണ്ടു സഹോദരിമാരെയും കെട്ടിച്ചയച്ചത് പാടൂരിലേക്ക്
തന്നെയായിരുന്നു. മൂത്ത സഹോദരിയെ (വെല്ലിമ്മ വെല്ലുണ്ണി – വലിയ ഉണ്ണി – എന്നാണു
ഇവരെ വിളിച്ചിരുന്നത്) വൈക്കോല്‍ കുഞ്ഞാപ്പുക്ക എന്നു അറിയപ്പെട്ടിരുന്ന ദേഹം കെട്ടിയെങ്കിൽ, അനിയത്തി ഖദീജ എന്നവരെ
കോട്ടുക്കൽ തറവാട്ടിലേക്കാണ് കെട്ടി കൊണ്ട് വന്നിരുന്നത്.
വെല്ലിപ്പാടെ
മരണത്തെ പറ്റി നേരിയ എന്തോ ഓര്‍മയേ ഉള്ളു. വെല്ലിപ്പ മരിക്കുന്ന സമയത്തിന് തൊട്ട്
മുന്‍പ് കട്ടിലില്‍ നിന്ന് താഴെ മാറ്റി കിടത്തിയതായിരുന്നത്രെ എന്നെ. അന്ന് ഞാനായിരുന്നു
പോലും ചെല്ലക്കുട്ടി. എനിക്കന്നു അഞ്ചു വയസ്സ് പ്രായം.
വെല്ലിമ്മ
മരണപ്പെടുന്ന സമയത്ത് എനിക്ക് പ്രായം നാല്പത്തഞ്ചിനു മേലെ. നീണ്ട നാല് പതിറ്റാണ്ട്
വെല്ലിപ്പാക്ക് ശേഷം അവര്‍ ജീവിച്ചു. അതില്‍ ഏറിയ കൂറും കുടുംബത്തിന്റെ ഭാരവും
പേറി തന്നെ
.
വെല്ലിപ്പ മരിക്കുന്ന
സമയത്ത് അദ്ദേഹത്തിന്റെ മൂന്നു സഹധര്‍മ്മിണിമാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. മാമി
വെല്ലിമ്മാക്കും കുഞ്ഞാമി എളീമാക്കും ശേഷമാണ് വെല്ലിമ്മ മരണപ്പെടുന്നത്.
എന്റെ
വെല്ലിമ്മാക്ക് മക്കള്‍ ഏഴ് പേര്. മൂന്നു ആണ് മക്കള്‍, ഒരാള്‍ മാത്രമായിരുന്നു
എന്തെങ്കിലും വരുമാനം കുടുംബത്തേക്ക് എത്തിച്ചിരുന്നത്. വെള്ളിപ്പാടെ മരണ സമയത്ത്
പെണ്മക്കളില് രണ്ട് പേരുടെ മാത്രമായിരുന്നു കല്യാണം കഴിഞ്ഞിരുന്നത്. സ്കൂള്‍
പ്രായക്കാരും, അതിനു താഴെയും, സുഖമുള്ളവരും, സുഖക്കേടുകാരും ഒക്കെയായി പലവക
ഇനത്തില്‍ പേരക്കുട്ടികൾ നിരവധി. ഊട്ടാന്‍ ഒരു പാടു വായകളും നിറക്കാന്‍ ഒത്തിരി
വയറുകളും - അത്യാവശ്യം ഒരു ജനസംഖ്യ അന്ന് തറവാട്ടില്‍ ഉണ്ടായിരുന്നു.
വെല്ലിമ്മാക്ക് ആൺ മക്കൾ മൂന്നു പേരുണ്ടെങ്കിലും,
ആണ് തുണക്ക് സ്ഥിരമായി വീട്ടില്‍ ഉണ്ടായിരുന്നത് ഇളയ കുഞ്ഞിപ്പ മാത്രം. അന്ന്
കെട്ടിയിട്ടില്ല. ചെറുപ്പം. ചെറിയ ഒരു മു൯കോപക്കാര൯. പുറത്ത്പോയി ചെയ്യേണ്ടുന്ന കാര്യങ്ങളും
(പെണ്ണുങ്ങള് കടയിലും അങ്ങാടിയിലും പോകാ൯ പാടില്ലാത്തതാണ് കാലം) പാടത്ത് പണിയിക്കലും
ഒക്കെയാണ് കുഞ്ഞിപ്പാടെ വകുപ്പുകൾ.
വലിയ ഒരു വീട് ഒന്നുമായിരുന്നില്ല
അന്നത്തെ തറവാട്. വെല്ലിമ്മയെ കല്യാണം കഴിച്ച ശേഷം വാങ്ങിയത് ആയിരുന്നുവത്രേ ഇത്. കിടപ്പു
മുറി എന്നു പറയാന്‍ ഇടുങ്ങിയ ഒരു റൂം. പിന്നെ ഒരു തളം. പിന്നിലും ഉണ്ട് ഒരു തളം.
ഒരു അടുക്കള. മുന്നിലും പുറകിലും ഓരോ വരാന്തകള്‍. മുന്നില്‍ (തെക്കുപുറത്തെ)
വരാന്ത പടിഞ്ഞാറ് വശത്തേക്ക് നീട്ടി പണിതിട്ടുണ്ട്. അവിടെ ഒരാള്‍ക്ക് കിടക്കാവുന്ന
വീതിയില്‍ ഒരു തിണ്ണ പണിതിരുന്നു.
താഴെ നില ഓല
മേഞ്ഞതാണ്. വീട് വാങ്ങിയ ശേഷം വെല്ലിപ്പ പണി കഴിപ്പിച്ചതായിരുന്നുവത്രെ മുകളിലത്തെ
നില. അവിടെ ഒരു ഹാൾ പോലെ പണിതിട്ടുണ്ട്. അതിന്റെ മേല്‍കൂര ഓട് ഇട്ടിരിക്കുന്നു.
കുട്ടികളായ ഞങ്ങളും
മുതിര്‍ന്ന ആണുങ്ങളും ഉറങ്ങുന്നത് തെക്കേ കോലായില്‍ പായ വിരിച്ച് ആയിരുന്നു.
പത്തോ ഇരുപതോ
തെങ്ങുകളാണ് പറമ്പില്‍ ഉള്ളത്. തെക്കോട്ടാണ് വീടിന്റെ മുഖം. കിഴക്ക് പടിഞ്ഞാറു
നീളത്തില്‍ ഏതാണ്ട് പീടിക മുറികള്‍ പണിതത് പോലെ. തെക്ക് വശത്ത് ജുമാഅത്ത്
പള്ളിയില്‍ നിന്ന് കാരാഗോസിലേക്ക് പോകുന്ന റോഡ്. തോട് റോഡായി മാറിയതാണ്. റോഡിലൂടെ
പോകുന്ന ആളെ വീട്ടില്‍ നിന്നാല്‍ കാണാന്‍ പ്രയാസം. അത്രയ്ക്കു ഉയരത്തിലാണ് മാട്ടം.
ഏതാണ്ട് കുത്തനെ
പണിത പടി; വെട്ടുകല്ല് മണ്ണില്‍ പാവിയിരിക്കയാണ്. റോഡില്‍നിന്നും വീട്ടിലേക്ക്
കയറാനുള്ള വഴി. വണ്ടിയും കാറുമൊക്കെ റോഡില്‍ നിറുത്താനേ ഒക്കൂ.
പടിഞ്ഞാറെ അതിര്‍ത്തിയിലും
ഉണ്ട് ആഴത്തില്‍ ഒരു തോട്. വടക്കേ അതിരിലുള്ളത് മഴ വെള്ളം കുളത്തില്‍
എത്തിക്കാനുള്ള ഒരു ചാല് (കൈവഴി). കിഴക്ക് വളപ്പിലെ തങ്ങമ്മാരുടെ വക പറമ്പ്.
വീട്ടിലെ കിണറു പകുതി തങ്ങളെ പറമ്പില്‍ ആയിട്ടാണ്. അവിടെ വേലി ഒരു ഗ്യാപ്പിട്ട്
കെട്ടും.
തെങ്ങോക്കെ
മാസാമാസം കൃത്യമായിട്ട് കയറും. കുമ്പളത്ത് പാടത്ത് നാലോ അഞ്ചോ പറക്ക്
പാട്ടത്തിനെടുത്ത നിലത്ത് നെല്ല് പണിയിക്കുന്നുണ്ട്. ഇരു പൂവലാണ്.
ഗള്‍ഫ്
പ്രവാസത്തിന്റെ സൂര്യോദയത്തിനു മുന്‍പേ ഖത്തറില്‍ എത്തിപ്പെട്ട എളാപ്പ മാസാമാസം
കാശയക്കും; പട്ടിണി കാത്തത് കാര്യമായും ഇതിന്റെ ആശ്ര്യത്തിലായിരുന്നു.
വെല്ലിപ്പാടെ മരണ
ശേഷം വെല്ലിമ്മ ഏറ്റെടുത്ത തറവാടിന്റെ ചിത്രമാണിത്. പൂച്ച് പുറത്താകാതെ തറവാടിന്റെ
അമരം പിടിച്ചു പോകാന്‍ അവര്‍ എത്ര പണിപ്പെട്ടു കാണും എന്നു ഊഹിക്കാമല്ലോ.
ഏറിയ കൂറും
വെല്ലിമ്മ അടുക്കളയില്‍ കയറുന്നത് വിളമ്പിക്കൊടുക്കാനാണ്. കൃഷിയും പുറം
ജോലികളുമാണ് വെല്ലിമ്മാടെ വകുപ്പ്.
തെക്കെപുറത്തും
വടക്കെപുറത്തും ചെറിയ മുറ്റങ്ങള്‍. തെക്കേ മുറ്റത്തിന്റെ അതിരോട് ചേര്‍ന്നാണ്
വേലി. വേലിക്കു പുറത്തായി തെക്കും പടിഞ്ഞാറും ഇത്തിരി ഭൂമി കിടപ്പുണ്ട്.
വടക്കും കിഴക്കും
വേലികള്‍ പറമ്പിന്റെ അതിരോട് ചേര്‍ത്താണ് കെട്ടിയിരിക്കുന്നത്. പെണ്ണുങ്ങള്‍ക്ക്
പെരുമാറാന്‍ വേണ്ടിയുള്ള ഇടങ്ങള്‍!
കടും ചുവപ്പ്
പൂക്കള്‍ ഇടുന്ന മുരിക്കുകള്‍ ആണ് വേലിക്ക് താങ്ങ്. മൂത്ത തടികളില്‍ തൊടുമ്പോള്‍
സൂക്ഷിക്കണം പക്ഷെ. മുള്ളുകള്‍ കൊണ്ട് കൈ മുറിയും. ചെറിയ കുറ്റി മരങ്ങള്‍
വേറെയുമുണ്ട് വേലികള്‍ താങ്ങാന്‍. വേലിപ്പരുത്തി, ചെമ്പരത്തി, മൈലാഞ്ചി, ആറുമാസം.
വേളികളിലും ഈ മരങ്ങളിലും ഒക്കെ നിറയെ ഇലച്ചാര്‍ത്തുകള്‍ ഉണ്ടാകും. വെല്ലിമ്മ നട്ടു
വളര്‍ത്തുന്ന കാച്ചിലും കാവത്തും. ഈ വള്ളിച്ചെടികള്‍ വളര്‍ന്നു ചിലപ്പോള്‍
വേലിയുടെ ഓല കാണാന്‍ പറ്റാത്ത വിധം ആകും.
തെങ്ങുകള്‍ക്ക്
തളപ്പ് കെട്ടി തൂക്കിയിട്ട ചൂടി കയറുകളില്‍ നൂല് കിഴങ്ങും, കാച്ചിലും. പറമ്പില്‍
കൊത്തി കിളച്ചു കൂവയും, ചേമ്പും, കൂര്‍ക്കയും, പുല്ലും (റാഗി) പയറും. ഓരോ സീസണിലും
ഉണ്ടാകും വെല്ലിമ്മാക്ക് പറമ്പിലെ അധ്വാനം.
വിതക്കലും നടലും
പറിച്ചു നടലും മണ്ണ് കയറ്റലും കള പറിക്കലും
നനക്കലും വളം ചെയ്യലും എല്ലാം
ഏതാണ്ട് ഒറ്റക്ക് തന്നെ. പറമ്പിലാണ് കൂടുതലും ആളെ കാണുക പതിവ്.
കൊയ്ത്ത് കാലത്താണ്
ചില പ്രത്യേക പരിപാടികള്‍. കളി മണ്ണ് കൊണ്ടു കളമെഴുതി, ചാണകം മെഴുകി പിടിപ്പിച്ചു കറ്റ
ഇറക്കി വെക്കാനും മെതിക്കാനുമെല്ലാം പ്രത്യേക ഒരുക്കങ്ങൾ വേണം. കറ്റ മുറ്റത്തിറക്കി
വൈക്കോല്‍ തല്ലി ഉണക്കുന്നത് വരെ വെല്ലിമ്മ അതിന്റെ പുറകിൽ വേണം.
മാസത്തില്‍ ഒരൊറ്റ
തവണയാണ് പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നത്. പാങ്ങില്‍ ബാലന്റെ പീടിക, പെരിങ്ങാട്ട്
പാടത്തെ പീടിക ഇവിടുന്നൊക്കെ തലച്ചുമടായി കൊണ്ടു വരാരാണ്. വീട്ടിലെത്തിയാല്‍
സാധനങ്ങൾ വെല്ലിമ്മാടെ കസ്റഡിയില്‍ ആയി.
പിന്നീടൊക്കെ
വെല്ലിമ്മാടെ നിയന്ത്രണത്തിലുള്ള റേഷനിംഗ് ആണ്. അടുക്കളയിലേക്ക് നേരം നേരം അരി
ചില്വാനങ്ങൾ, അലക്കാനും കുളിക്കാനും നേരത്ത് പെണ്ണുങ്ങള്‍ക്ക് എണ്ണ സോപ്പ് - എല്ലാം കണ്ട്രോൾ ആണ്. അടുക്കളയില്‍
പെണ്ണുങ്ങള്‍ക്ക് സ്ഥിരം മുറുമുറുപ്പ് ബാക്കി. പക്ഷെ ഉള്ള സാധനങ്ങള്‍ വെച്ച്, ഒരു
മാസമോ കൂടുതലോ വീട് ഉന്തിക്കൊണ്ടു പോകേണ്ടുന്ന പാട് വെല്ലിമ്മാക്കല്ലേ അറിയൂ.
അതിരാവിലെ
അടുക്കളയില്‍ കയറി, തീ നോക്കിയും പുകയൂതിയും അന്നവും കറിയും വെച്ച് തളര്‍ന്നിരിക്കുന്ന
പെണ്ണുങ്ങള്‍ക്ക് വിളമ്പുന്ന നേരത്തേക്ക് മിക്കപ്പോഴും കൂട്ടാ൯ ബാക്കിയുണ്ടാവില്ല,
ചിലപ്പോള്‍ ചോറും കാണില്ല, കഞ്ഞിവെള്ളം പോലും ബാക്കിയുണ്ടാകാത്ത നേരങ്ങൾ കാണും. പിന്നെ
നട്ടുച്ചക്കും പാതിരാത്രിക്കും ഉപ്പുമുളക് അരക്കലും അരി വറക്കലുമൊക്കെ വേണ്ടി
വരും.
ഇതിനിടക്ക്
പ്രസവങ്ങളും കെട്ടലും കെട്ടിക്കലുകളും ഒക്കെ തട പോരണം. കല്യാണങ്ങളും കുറികളും
തുടങ്ങിയ മാമൂലുകള്‍ക്ക് വകകൾ കണ്ടെത്തണം.
പ്രാരാബ്ദങ്ങള്‍
പേറി വലിയൊരു കുടുംബം അങ്ങനെ വളരെ നിഷ്ഠയായി വെല്ലിമ്മ കൊണ്ട് നടന്നു.
സ്വത്വത്തേക്കാൾ പെരുത്ത പുത്തന്‍പുര മഹിമക്ക് യാതൊരു കോട്ടവും വരുത്താതെ.
ഈ ഭാരത്തിനിടയിലും
സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും ഒക്കെ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍
വെല്ലിമ്മ നേരം കണ്ടെത്തുമായിരുന്നു. യാത്ര വലിയ ഇഷ്ടമായിരുന്നു. കുതിര വണ്ടിയും
പല്ലക്കും ഒക്കെ ചെറുപ്പത്തില്‍ ഏറി നടന്നിരുന്ന ആള്‍ക്ക്, വലുതായപ്പോള്‍
മിക്കവാറും കാല് നടയായിരുന്നു അവലംബം. കാലന് കുടയും നിവര്‍ത്തി കോടമുക്കിലേക്കും
ബ്രഹ്മക്കുളത്തേക്കും വെല്ലിമ്മ നടക്കുമ്പോൾ പലപ്പോഴും പുറകില്‍ ഞാനും ഉണ്ടായിരുന്നു കൂടെ.
പഴംചൊല്ലുകള്‍, കടം
കഥകള്‍, പദ്യങ്ങള്‍, പാഠമാലകള്, കഥകള്‍, സാരോപദേശങ്ങള്‍, ആയത്തുകള്‍, ദുആകള്‍
....... നാട്ടറിവുകളുടെ ഒരുനിറ ശേഖരം.
ജിന്നുകളെ, യക്ഷികളെ, ഒടിയനേയും, മന്ത്രവാദികളേയും ഒക്കെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത് കേട്ട്
എത്ര എരിവു വലിച്ചിരിക്കുന്നു.
വെല്ലിമ്മാടെ
പെണ്മക്കള് എല്ലാവരും നന്നായി മലയാളം എഴുതാനും വായിക്കാനും പഠിച്ചു.
പേരക്കുട്ടികളും അതേ. അടുത്തുള്ള സമപ്രായക്കാര്‍ എല്ലാവരും തൊട്ടടുത്തെ ചന്തപ്പുര
സര്‍ക്കാര്‍ സ്കൂളില്‍ പോയപ്പോൾ , വെല്ലിമ്മാടെ പേരക്കുട്ടികള്‍ ഞങ്ങള്‍ രണ്ടു
രണ്ടര കിലോമീറ്റര്‍ നടന്നു പൊട്ടത്തകായില് സ്കൂളില്‍ പോയി പഠിച്ചു. നല്ല സ്കൂളില്‍
പറഞ്ഞയച്ചു പഠിപ്പിക്കാന്‍..!
മരുമക്കത്തായത്തിന്റെ
ബാക്കിയാവാം, വെല്ലിമ്മാടെ മക്കള്‍ എല്ലാവരും നാലകത്ത് പറക്കാട്ടയിൽ (എന്‍ പി) എന്ന
വീട്ടുപേരാണ് സ്വീകരിച്ചത്. നാലകത്ത് പറക്കാട്ടയില് വീടുമായി പ്രത്യേകിച്ച് ബന്ധം
ഒന്നുമില്ലാത്ത വെല്ലിപ്പാടെ അനിയന്റെ മക്കള്‍, ഉമ്മയുടെ തറവാട്ടു പേര് നാലകത്ത് പടുവിങ്ങല്‍ എന്നായിരുന്നത് കൊണ്ട് ഇതേ
ഇനിശ്യലുകള് ആണ് സ്വീകരിച്ചത്. പിന്നീട് ഇത് രേഖകളില്‍ നാലകത്ത് പുത്തന്‍പുരയില്‍
എന്നാക്കി മാറ്റി. ഇന്ന് പുത്തന്‍പുരയില്‍ കുടുംബത്തിന്റെ വ്യാപകമായ എന്‍ പി എന്ന
ഇനിഷ്വല്, പുത്തൻപുരക്ക് വെല്ലിമ്മാടെ
സംഭാവന ആയിരുന്നു എന്നു പറയാം.
പുത്തന്‍പുരയിലെ ഒരു
വലിയ ശാഖയെ അതിന്റെ ഏറ്റവും സന്നിഗ്ദമായ ഘട്ടത്തില്‍ താങ്ങി നിറുത്തുവാന്‍
അള്ളാഹുവിന്റെ നിയോഗം ഉണ്ടായത് ഞങ്ങളുടെ പ്രിയപ്പെട്ട വെല്ലിമ്മയുടെ
മനോബലത്തിലാണ്. അള്ളാഹു അവരുടെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ. ആമീൻ.
No comments:
Post a Comment