Tuesday, July 9, 2013

പുത്തൻപുരയുടെ വലിയ കാരണവർ


Contributed by: Adv. R V Saidumohammed


പുത്തൻപുര തറവാട്ടിൽ, അവുതല്‍ - കുഞ്ഞുമ്മ ദമ്പതികളുടെ മകനായി പാടൂര്‍ ദേശത്ത് ജനിച്ച മർഹൂം ആര്‍ പി ബാവു സാഹിബിനെ അനുസ്മരിക്കുകയാണ് ഇവിടെ.

പണിക്കവീട്ടില്‍ പയ്യാക്കല്‍ സൈദ്‌ മുഹമ്മദ്‌ ആണ് കുഞ്ഞുമ്മയുടെ പിതാവ്. സൈദ്‌ മുഹമ്മദ്‌ എറണാകുളം പട്ടണത്തിനു അടുത്തുള്ള വടുതല സ്വദേശി. കുബേരനും പ്രമുഖനായ വ്യാപാരിയും ആയ അദ്ദേഹം പാടൂരില്‍ വന്നു സ്ഥിര താമസമാക്കുകയും അവിടുത്തെ പുരാതന കുടുംബമായ പുത്തന്‍പുരയില്‍ നിന്ന് വിവാഹം കഴിക്കുകയും ആയിരുന്നു.

പ്രഗത്ഭരും ഉദാരമതികളും അടങ്ങിയ പുത്തന്‍പുരയില്‍ കുടുംബവും ബുഖാറയില്‍ സയ്യിദ് കുടുംബവും അന്യോന്യം വളരെ സൌഹാര്‍ദ്ദത്തിലും ഐക്യത്തിലും ആയിരുന്നു. ആത്മീയ പശ്ചാത്തലമുള്ള സയ്യിദ് കുടുംബവുമായുള്ള ഈ ബന്ധം പാടൂരിലെ ജനങ്ങള്‍ക്കിടയില്‍ പുത്തന്‍പുര കുടുംബത്തിനു കൂടുതല്‍ സ്വാധീന ശക്തിയും അംഗീകാരവും ലഭിക്കാന്‍ ഇടയാക്കി.

ബാവു സാഹിബ് പ്രാഥമിക മതവിദ്യാഭ്യാസത്തിനു പുറമേ സാമാന്യം ഭൌതിക പഠനവും കൂടി കിട്ടിയ വ്യക്തിയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പൊതു പ്രശ്നങ്ങളില്‍ വ്യാപൃതനായിരുന്നു. അഖിലേന്ത്യാ മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകനും പങ്കാളിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു  ശേഷം അദ്ദേഹത്തിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ അമരത്ത് പ്രൌസ്ഥാനം നേടാന്‍ ഭാഗ്യം സിദ്ധിച്ചു. മരണപ്പെടുന്നത് വരെ “ചന്ദ്രിക” ദിനപ്പത്രം തപാലില്‍ വരുത്തി വായിക്കുന്ന ശീലം മുടക്കമില്ലാതെ തുടര്‍ന്നു വന്നു.

Wednesday, July 3, 2013

പറക്കാട്ട് നിന്നൊരു പടയാളി


Contributed by: R V Ummer


കഥ പറയുന്ന ചാരുത. അത് വെല്ലിമ്മാക്ക് പ്രകൃത്യാ കിട്ടിയ സിദ്ധിയാണ്. കേട്ടിരുന്നു പോകും. കാര്യം പറച്ചിലിലുമുണ്ട് ആ വൈഭവം. വെല്ലിമ്മ പഴയ നാലാം ക്ലാസ്സുകാരിയല്ലേ. അന്നൊക്കെ പള്ളിക്കൂടത്തിലെ അധ്യാപിക ആവാനുള്ള യോഗ്യത! മലയാളം വായിക്കാന്‍ പോലുമറിയാവുന്ന പെണ്ണുങ്ങള്‍ - പ്രത്യേകിച്ചും മാപ്പിളമാര്ക്കിടയില്‍ - തീര്‍ത്തും വിരളമായിരുന്ന കാലം.

പറക്കാട്ടെ വിശേഷങ്ങള്‍ ആവുമ്പോള്‍ ആള്‍ തീര്‍ത്തും വേറെ ഒരു ലോകത്താവും. മുറ്റം നിറയെ നെല്ലും വിളകളും കൂട്ടിയിട്ട, പണിക്കാരും കൂലിക്കാരും തലങ്ങും വിലങ്ങും ഓടി നടക്കുന്ന പഴയ പറക്കാട്ട് തറവാട്ടിന്റെ മുറ്റത്ത് നില്‍ക്കുന്ന കൊച്ചു കാച്ചി തുണിക്കാരിയെ പോലെ. യാത്രക്ക് കുതിര വണ്ടിയും പല്ലക്കുകളും സ്വന്തമായി ഉണ്ടായിരുന്ന പണക്കാരുടെ വീട്.

വാര്‍ധക്യത്തിന്റെ നാളുകളില്‍ പോലും കാണാന്‍ നല്ല ഐശ്വര്യമായിരുന്നു വെല്ലിമ്മയെ. വെള്ള മുണ്ടും വെള്ള പെണ്കുപ്പായവും  വെള്ള തട്ടവുമായി ആ രൂപം. വെല്ലിമ്മയുടെ സൌന്ദര്യം കണ്ടു മോഹിച്ച് കെട്ടിയതാണ്‌ വെല്ലിപ്പ എന്നാണ് കേട്ടറിവ്. വെല്ലിപ്പയുടെ രണ്ടാം കെട്ട്.

ചരിത്രം ഉറങ്ങുന്ന ബ്രഹ്മക്കുളം. പ്രശസ്തമായ മനകളുള്ള ഇടം. നീണ്ടു നിവര്‍ന്നു ആലസ്യമാര്‍ന്ന്‍ കിടക്കുന്ന മനപറമ്പുകള്‍. കാവുകള്‍, കുളങ്ങള്‍, തോടുകള്‍, നെല്പാടങ്ങള്‍. പ്രതാപകാലത്തിന്റെ ബാക്കിപത്രമായി ചുമടു താങ്ങികളും തണ്ണീര്‍ പന്തലുകളും എന്‍റെ ചെറുപ്പത്തിലും ഉണ്ടായിരുന്നു അവിടെ.