Tuesday, July 9, 2013

പുത്തൻപുരയുടെ വലിയ കാരണവർ


Contributed by: Adv. R V Saidumohammed


പുത്തൻപുര തറവാട്ടിൽ, അവുതല്‍ - കുഞ്ഞുമ്മ ദമ്പതികളുടെ മകനായി പാടൂര്‍ ദേശത്ത് ജനിച്ച മർഹൂം ആര്‍ പി ബാവു സാഹിബിനെ അനുസ്മരിക്കുകയാണ് ഇവിടെ.

പണിക്കവീട്ടില്‍ പയ്യാക്കല്‍ സൈദ്‌ മുഹമ്മദ്‌ ആണ് കുഞ്ഞുമ്മയുടെ പിതാവ്. സൈദ്‌ മുഹമ്മദ്‌ എറണാകുളം പട്ടണത്തിനു അടുത്തുള്ള വടുതല സ്വദേശി. കുബേരനും പ്രമുഖനായ വ്യാപാരിയും ആയ അദ്ദേഹം പാടൂരില്‍ വന്നു സ്ഥിര താമസമാക്കുകയും അവിടുത്തെ പുരാതന കുടുംബമായ പുത്തന്‍പുരയില്‍ നിന്ന് വിവാഹം കഴിക്കുകയും ആയിരുന്നു.

പ്രഗത്ഭരും ഉദാരമതികളും അടങ്ങിയ പുത്തന്‍പുരയില്‍ കുടുംബവും ബുഖാറയില്‍ സയ്യിദ് കുടുംബവും അന്യോന്യം വളരെ സൌഹാര്‍ദ്ദത്തിലും ഐക്യത്തിലും ആയിരുന്നു. ആത്മീയ പശ്ചാത്തലമുള്ള സയ്യിദ് കുടുംബവുമായുള്ള ഈ ബന്ധം പാടൂരിലെ ജനങ്ങള്‍ക്കിടയില്‍ പുത്തന്‍പുര കുടുംബത്തിനു കൂടുതല്‍ സ്വാധീന ശക്തിയും അംഗീകാരവും ലഭിക്കാന്‍ ഇടയാക്കി.

ബാവു സാഹിബ് പ്രാഥമിക മതവിദ്യാഭ്യാസത്തിനു പുറമേ സാമാന്യം ഭൌതിക പഠനവും കൂടി കിട്ടിയ വ്യക്തിയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പൊതു പ്രശ്നങ്ങളില്‍ വ്യാപൃതനായിരുന്നു. അഖിലേന്ത്യാ മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകനും പങ്കാളിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു  ശേഷം അദ്ദേഹത്തിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ അമരത്ത് പ്രൌസ്ഥാനം നേടാന്‍ ഭാഗ്യം സിദ്ധിച്ചു. മരണപ്പെടുന്നത് വരെ “ചന്ദ്രിക” ദിനപ്പത്രം തപാലില്‍ വരുത്തി വായിക്കുന്ന ശീലം മുടക്കമില്ലാതെ തുടര്‍ന്നു വന്നു.

അന്ന് പാടൂര്‍ ദേശത്ത് നിന്ന് കുണ്ടഴിയൂര്‍ അംശം പഞ്ചായത്തിലേക്ക് നിരവധി തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഗ്രാമക്കോടതി ന്യായാധിപനായി പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിന് അവസരം കിട്ടി.

ഏറെ കാലം പാടൂര്‍ ജമാഅത്ത് പള്ളിയുടെ കാരണവന്മാരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട മഹല്ല് കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ കമ്മിറ്റി ഭാരവാഹിയായും അംഗമായും ദീര്‍ഘകാലം സേവനം അനുഷ്ടിക്കുകയുണ്ടായി. പാടൂര്‍ മദ്രസ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ജമാഅത്ത് പള്ളി പുനര്‍നിര്‍മിക്കുന്ന കാര്യങ്ങളിലും നേതൃത്വം നല്‍കുവാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

തൊയക്കാവ് സ്വദേശിയായ ഫാ.ജോസഫ്‌ വടക്കന്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. അച്ചന്റെ വിദ്യാഭ്യാസത്തിനു ബാവു സാഹിബ് അടക്കമുള്ളവര്‍ സഹായം ചെയ്ത വിവരം വടക്കനച്ചന്‍ തന്നെ അനുസ്മരിക്കുകയുണ്ടായിട്ടുണ്ട്. “തൊഴിലാളി” ദിനപ്പത്രം അച്ഛന്‍ ബാവു സാഹിബിന് സൌജന്യമായി അയച്ചു കൊടുത്തിരുന്നു.

പാടൂരിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ എല്ലാ സംരംഭങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. 

വടിവൊത്ത വ്യക്തമായ അക്ഷരങ്ങളില്‍ ചേതോഹരമായിരുന്നു അദ്ദേഹത്തിന്‍റെ കൈയെഴുത്ത്. അതുകൊണ്ട്‌ കൂടിയാവണം വസ്തുകരാരുകൾ , വിലയാധാരങ്ങള്‍ എന്നിവ അദ്ദേഹം എഴുതി തയാറാക്കിയിരുന്നു. പാടൂര്‍ പ്രദേശത്ത് നിന്ന് അന്ന് രജിസ്റര്‍ ചെയ്തിരുന്ന ആധാരങ്ങളില്‍ അധികവും അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ ആയിരുന്നു.

പുത്തന്‍പുര തറവാടിന്റെയും കുടുംബാംഗങ്ങളുടെയും ഇടയില്‍ കിരീടം വെക്കാത്ത രാജാവായിരുന്നു അദ്ദേഹം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല തന്നെ. 1963-ല്‍ നിര്യാതനായ അദ്ദേഹത്തിന് അല്ലാഹു മരണാനന്തര ജീവിതം സുഖപ്രദമാക്കി കൊടുക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.


About the Contributor:

Adv. R V Saidumohammed
Grandson of Late R P Bavoo Sahib. Born 1947. Native of Padoor. Currently residing in Pullazhi, Thrissur. Advocate by profession. Practicing at Thrissur & Chavakkad Courts. Involved in politics; is a former District Committee President of Indian Union Muslim Youth League. Currently the General Convener of Vedi Central Committee.

No comments:

Post a Comment